ഷഹബാസ്
"എങ്ങോട്ടാണ് ഈ പുതിയ കാലത്തിന്റെ പോക്കെന്ന് മനസ്സിലാവുന്നേയില്ല " ആളുകളുടെ പതുങ്ങനേയുള്ള അടക്കം പറച്ചിലുകൾ ശ്രവിച്ച് കൊണ്ടാണ് ഞാൻ നീല ടാർപ്പായ കൊണ്ട് വലിച്ചുകിട്ടിയ വീടിനകത്തേക്ക് കയറി ചെന്നത്. എങ്ങും കർപ്പൂരത്തിന്റെ ഗന്ധം. വീടിന്റെ ഓരോ മൂലയിലുംകൂട്ടിയിട്ടിരിക്കുന്ന കസേരകൾ.ഒന്നുകൂടെ അകത്തേക്ക് ചെന്നപ്പോൾ കണ്ടു,തന്റെ മകന്റെ വിയോഗം സഹിക്കവയ്യാതെ അലറി കരയുന്ന മാതാപിതാക്കളെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന നാട്ടുകാരെയും.
ഷഹബാസ്, ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ പൊന്നോമന.നിസാര കാര്യത്തിന് വേണ്ടി വാക്കു തർക്കത്തിൽ തന്റെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന പിഞ്ചു ബാല്യം.15 വയസ്സേ അവനുള്ളൂ.... അവൻ നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ദിവസങ്ങൾ പിന്നിടുന്നു.SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി മാതാപിതാക്കളെ ഉയർത്താൻ ഒരുപാട് സ്വപ്നം കണ്ട ഒരുവൻ. MJ ഹയർസെക്കൻഡറി സ്കൂളിലെ 49 ആം നമ്പർ പരീക്ഷ ഹാളിൽ 628307 എന്ന ഇരിപ്പിടത്തിൽ പരീക്ഷയെഴുതാൻ ഇന്നവനില്ല.
എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തത് സമപ്രായക്കാരായ വിദ്യാർഥികൾ.അല്ല, കൊലയാളികൾ.നഞ്ജക്ക് കൊണ്ട് അടിച്ചു കൊല്ലാനും ചെയ്തു തെറ്റിന് നിസ്സാരവൽക്കരിക്കാൻ ഉള്ള ധൈര്യം
ഇവർക്കു എവിടെ നിന്ന് കിട്ടി..?ആലോചനകൾ കാടുകയറിയപ്പോൾ ഞാൻ ഒന്ന് പുറത്തേക്കിറങ്ങി.മനസ്സ് കലങ്ങിമറിയുന്നു.ഷഹബാസിൽ ഞാൻ എന്നെ തന്നെ കാണുന്നുവോ..?
ഓർമ്മകൾ കുറച്ചു വർഷം പിറകിലേക്ക് സഞ്ചരിച്ചു. കോളേജിൽ തല്ലും കുത്തും നടത്താനായി മാത്രം പോയിരുന്ന ചോരത്തിളപ്പിന്റെ പ്രായം. പാർട്ടികൾ തമ്മിലുള്ള അടിപിടിയിൽ അന്നെനിക്ക് നഷ്ടമായത് കൂടെപ്പിറപ്പിനെ പോലെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരുത്തനെയായിരുന്നു. മരണം വരെ നിഴലായി കൂടെ നടന്നവൻ.എന്തിനും ഏതിനും താങ്ങും തണലുമായി നിന്ന അവന്റെ വിയോഗം എന്നെയേ റെ തളർത്തുമ്പോഴും അവനെ ഇല്ലാതാക്കിയവരോടുള്ള പക മനസ്സിൽ കിടന്ന് എരിയുകയായിരുന്നു.എന്നാൽ ആ വിദ്വേഷം മുഴുവൻ അലിയിച്ചു കളഞ്ഞത് അവന്റെ ഉമ്മ തന്നെയായിരുന്നു. "പ്രതികാരത്തിന് ഒന്നും പോവല്ലേ "എന്ന കരച്ചിൽ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.പ്രസവിച്ച മകനെ നഷ്ടപ്പെട്ട ഉമ്മ തന്റെ അവസ്ഥ മറ്റുള്ള ഉമ്മമാർക്ക് ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നു . എത്ര മഹത്തരമായ മനസ്സ് അല്ലേ....?
ഷഹബാസിനെ വീട്ടിൽ അലറി കരയുന്ന അവന്റെ ആത്മസുഹൃത്തിനെ കാണുമ്പോൾ നെഞ്ചകം വല്ലാതെ വേദനിക്കുന്നു. അന്ന് ഞാൻ അനുഭവിച്ച അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന അവനെ കണ്ടപ്പോൾ
ചേർത്ത് പിടിച്ചു സമാധാനിപ്പിക്കാൻ അല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയുമായിരുന്നില്ല. ആരും ആർക്കും പകരമാവുന്നില്ലല്ലോ..
" എടാ നീ എന്താ ഇവിടെ ഇരിക്കുന്നത്"?
എന്നസുഹൃത്തിന്റെ ചോദ്യത്തിൽ ഞാൻ ചിന്തകൾക്ക് വിരാമം ഇട്ടു. അന്നത്തെ ഓർമ്മയിൽ കണ്ണ് രണ്ടും നിറഞ്ഞു ഒലിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ആ കുട്ടികളിൽ ഉടലെടുത്ത പക,അല്ലെങ്കിൽ അത് ചെയ്യാനുള്ള മനക്കരുത്ത് ലഭിച്ചതിൽ നിയമത്തിനു പങ്കില്ലേ... നിയമത്തെ പേടിയില്ലാത്തതല്ല പേടിക്കാനുള്ള നിയമമില്ലാതെതാണ് പ്രശ്നം. ഒരു പ്രതിക്ക് നീതിപൂർണ്ണമായ ശിക്ഷാനടപടി നൽകിയാൽ ഭാവിയിൽ അതേ കുറ്റം ചെയ്യാൻ ആരും ഒന്ന് ഭയക്കില്ലേ...?
ഇന്ന് എത്ര നിസ്സാരമായാണ് ആ കുട്ടികൾ കേസിൽ നിന്ന് ഊരി പോരാൻ എളുപ്പമാണെന്ന് പറയുന്നത്.കുട്ടികളാണ്!! വിദ്യാഭ്യാസം തടയാനുള്ള അവകാശമില്ലത്രേ!!അതിനാൽ ഷഹബാസ് ഇല്ലാതെ അവർ പോലീസ് പ്രൊട്ടക്ഷനോട് കൂടി പരീക്ഷ എഴുതി.അവർ ജുവനയിൽ ഹോമിൽ സുരക്ഷിതരായി കഴിയുന്നു.ഉരുകി തീരുന്നത് അവന്റെ മാതാപിതാക്കൾ മാത്രം.അവരുടെ ആശ്രയമായിരുന്നില്ലേ അവൻ.ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ...
എന്നാണ് ഇവരുടെയൊക്കെ കണ്ണുനീരിന് കാലം നീതിപുലർത്തുക!! ഇനിയൊരു ശാഹബാസ് ഇവിടെ പിറക്കാതിരിക്കാൻ,
നിയമം കണ്ണുതുറക്കട്ടെ...
നീതി പുലരട്ടെ!